ട്രെയിനില്‍നിന്നു വീണു യുവാവ് മരിച്ചു
കൂത്തുപറമ്പ്: യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു തെറിച്ചുവീണു യുവാവ് മരിച്ചു. മൂര്യാട് അടിയറപ്പാറയിലെ പരേതനായ കുമാരന്‍-രോഹിണി ദമ്പതികളുടെ മകന്‍ വി. സുരേന്ദ്രന്‍ (45) ആണു മരിച്ചത്. സൈക്കിളില്‍ കാപ്പി വില്‍പനക്കാരനാണ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തലശേരിയില്‍ നിന്നും തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഒറ്റപ്പാലത്തുവച്ച് അബദ്ധത്തില്‍ ട്രെയിനില്‍ നിന്നു തെറിച്ച് പുറത്തേക്കു വീഴുകയായിരുന്നു. മൃതദേഹം ഒറ്റപ്പാലം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: റീന. മക്കള്‍: ആതിര, അതുല്‍ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: വത്സല, ശോഭന, പ്രകാശന്‍, ശൈലജ (ആംഗന്‍വാടി ഹെല്‍പര്‍).
പൂച്ചയുടെ കടിയേറ്റ യുവാവ് മരിച്ചു
കൂത്തുപറമ്പ്: പൂച്ചയുടെ കടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് പേവിഷബാധയെ തുടര്‍ന്നു മരിച്ചു. കണ്ണവം പാലത്തിനു സമീപത്തെ കുന്നുമ്മല്‍ പ്രസാദ് (35) ആണ് മരിച്ചത്.
മൂന്നുമാസം മുമ്പായിരുന്നു പ്രസാദിനു പൂച്ചയുടെ കടിയേറ്റത്. തുടര്‍ന്നു കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിരുന്നു. പരേതനായ ജോസഫ്-പാഞ്ചു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാബു, സതി.
മംഗരപുഴ കടക്കാന്‍ കുട്ടികളുടെ നിവേദനം
കരുവഞ്ചാല്‍: മംഗരപുഴയ്ക്കു കുറുകെ പാലം പണിയണമെന്ന ആവശ്യവുമായി കുരുന്നുകള്‍ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫിനു നിവേദനം നല്‍കി. മംഗര സെന്റ് തോമസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണു മംഗര-വിമലശേരി, പരിമളാബാദ്, അതിരുകുന്ന് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു പാലം വേണമെന്ന ആവശ്യവുമായി മന്ത്രിക്കു മുന്നിലെത്തിയത്.
പാലമില്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ 15 കിലോമീറ്റര്‍ ചുറ്റിവളഞ്ഞാണ് ഇപ്പോള്‍ സ്കൂളിലെത്തുന്നത്. അധികൃതര്‍ കണ്ണുതുറക്കാതെ വന്നപ്പോള്‍ കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളിലെ കുട്ടികള്‍ മംഗരപുഴയ്ക്കു സമാന്തരമായി കൈകോര്‍ത്തു പ്രതീകാത്മക പാലം നിര്‍മിച്ചു സമരം നടത്തിയിരുന്നു. കുരുന്നുകളുടെ സമരം ശ്രദ്ധയില്‍പ്പെട്ട എംപി പാലത്തിനു ഫണ്ട് അനുവദിക്കാമെന്നു വാഗ്ദാനവും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പാലത്തിനുവേണ്ടി ഒരു കോടി ചെലവുവരുന്ന എസ്റ്റിമേറ്റ് തയാറാക്കാല്‍ മാത്രമാണു നടന്നിട്ടുള്ളത്.
ഈ ആവശ്യമുന്നയിച്ചു പഞ്ചായത്തുമുതല്‍ കളക്ടര്‍, എംഎല്‍എ, എംപി, മന്ത്രി എന്നിവര്‍ക്കെല്ലാം വിദ്യാലയ അധികൃതരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ നിവേദനം നല്‍കിയിരുന്നു. ഇവിടെയുണ്ടായിരുന്ന പഞ്ചായത്തു കടത്തും രണ്ടുവര്‍ഷം മുമ്പു നിര്‍ത്തലാക്കിയിരിക്കുകയാണ്.
മംഗരപുഴയ്ക്കു കുറുകെ പാലം നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നും തങ്ങളുടെ പഠനസ്വാതന്ത്യ്രത്തിനു സംരക്ഷണം നല്‍കണമെന്നും കുട്ടികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി പ്രതിനിധികളായ അനീന സതീഷ്, ബെസി സാജു, മുഖ്യാധ്യാപിക സിസ്റര്‍ ഡീന കവിയില്‍, പിടിഎ പ്രസിഡന്റ് സാജു കുര്യാക്കോസ് എന്നിവരാണു നിവേദക സംഘത്തിലുണ്ടായിരുന്നത്.
വഴിതടയല്‍സമരം: യുഡിഎഫ് നേതാക്കള്‍ക്കു പിഴശിക്ഷ
പയ്യന്നൂര്‍: വിലക്കയറ്റത്തിനെതിരേ വഴിതടയല്‍സമരം നടത്തിയ യുഡിഎഫ് നേതാക്കളെ തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പയ്യന്നൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നഗരസഭാ കൌണ്‍സിലറുമായ എ.പി. നാരായണന്‍, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. റഷീദ് കവ്വായി, കരുണാകരന്‍ മാസ്റ്റര്‍, ഉമ്മര്‍ പെരിങ്ങോം, മുസ്ലിംലീഗ് നേതാവ് മീത്തല്‍ മുഹമ്മദ് ഹാജി, കെ.കെ. അഷ്റഫ്, അബ്ദുള്ള, ഉണ്ണികൃഷ്ണന്‍, എ. രൂപേഷ്, കച്ചേരി രമേശന്‍ തുടങ്ങി 13 പേരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് എസ്. സജികുമാര്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പതുമാസം തടവിനും 4,200 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2007 ഫെബ്രുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തോടനുബന്ധിച്ചാണു പെരുമ്പ ദേശീയപാത ഉപരോധിച്ചത്. പയ്യന്നൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസാണിത്.
പയ്യന്നൂര്‍: കൊല്ലത്തുനിന്നും കാണാതായ പതിനെട്ടുകാരിയായ വിദ്യാര്‍ഥിനി തട്ടിപ്പുകേസിലെ പ്രധാന പ്രതിയോടൊപ്പം പയ്യന്നൂരിലുണ്െടന്ന വിവരത്തെ തുടര്‍ന്നു കൊല്ലം പോലീസ് പയ്യന്നൂരില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ വിദ്യാര്‍ഥിനിയെ കണ്െടത്താനായില്ല. ഇതേ തുടര്‍ന്നു പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിനോട്ടീസ് പതിച്ച് ഇവര്‍ മടങ്ങി.
കൊല്ലം സെന്റ് ജോസഫ് സ്കൂളില്‍ പഠിക്കുന്ന എറണാകുളം കടവന്ത്രയിലെ ബാലചന്ദ്രന്റെ മകള്‍ ദിവ്യ (18) യെയാണു കഴിഞ്ഞമാസം 21 മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച പരാതിയില്‍ കൊല്ലം ഈസ്റ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിലാണു പെണ്‍കുട്ടി ടോട്ടല്‍ ഫോര്‍യു മാതൃകയില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി പയ്യന്നൂര്‍ മമ്പലത്തെ ബാബുരാജിനോടൊപ്പം പയ്യന്നൂരിലുണ്െടന്ന വിവരം ലഭിച്ചത്. പയ്യന്നൂരിലെത്തിയ കൊല്ലം പോലീസ് ബാബുരാജിന്റെ വീട്ടിലും മറ്റു പലസ്ഥലങ്ങളിലുമായി അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം ബാബുരാജുമായി ദിവ്യയുടെ വിവാഹം നേരത്തെ തീരുമാനിച്ചതാണെന്നും ബാബുരാജ് തട്ടിപ്പുകേസില്‍ പിടിയിലായതിനെ തുടര്‍ന്നു വിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്‍മാറിയതാണെന്നും പറയുന്നു.
പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം
ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലകളില്‍ ലൈംഗികചൂഷണം വ്യാപകമാകുന്നെന്ന പരാതിയെതുടര്‍ന്ന് ഡിഐജിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തെ അട്ടിമറിക്കാന്‍ ഫാമിനുള്ളിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആക്ഷേപം. പോലീസിനോടു സത്യാവസ്ഥ പറഞ്ഞാല്‍ ആദിവാസിസ്ത്രീകള്‍ പ്രതികളാവുമെന്നും ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലന്നും പ്രചാരണം നടന്നതായി പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പുനരധിവാസമിഷന്‍ ഉദ്യോഗസ്ഥരാണ് അന്വേഷണത്തോടു സഹകരിക്കേണ്െടന്നും സഹകരിച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അനൂകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും ആദിവാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഊരൂകൂട്ടങ്ങള്‍ ചേരുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രചാരണം നടത്തി ആദിവാസി സ്ത്രീകളെ മൊഴി നല്‍കുന്നതില്‍ നിന്നും പ്രേരിപ്പിക്കുന്നത്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ മൂടിവച്ച കേസുകള്‍ പുറത്തുവരമെന്ന ആശങ്കയാണ് ഇതിനു പിന്നിലെന്നു കരുതുന്നു.
ഡിഐജിയും ആന്റി ഹ്യൂമണ്‍ ട്രാഫിക് നോഡല്‍ ഓഫീസറുമായ എസ്. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം വനിതാ സ്ക്വാഡാണു ഫാമില്‍ ഇപ്പോള്‍ തെളിവെടുപ്പു നടത്തുന്നത്. ആദിവാസി പുനരധിവാസമേഖലയില്‍ അമ്പതോളം അവിവാഹിത അമ്മമാരുണ്െടന്നും ലൈംഗിക അതിക്രമങ്ങള്‍ വ്യാപകമാണെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കര്‍ശന നടപടിയെടുക്കണം
കീഴ്പ്പള്ളി: ആറളംഫാമിലെ ലൈംഗികചൂഷണത്തിനും അതിക്രമത്തിനുമെതിരേ കര്‍ശന നടപടിയെടുക്കണമെന്നു ഡിവൈഎഫ്ഐ കീഴ്പ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി വി.ആര്‍. രാജേഷ്, പ്രസിഡന്റ് എ. ചന്ദ്രന്‍, ട്രഷറര്‍ കെ.ബി. ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഓഫറുകള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: ടോപ്കോ സംസം ജ്വല്ലറിയില്‍ ഓണം-റംസാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 ഇവിടെനിന്നും വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്കു പണിക്കൂലിയില്‍ 50 ശതമാനം ഇളവ് നല്‍കും. സ്വര്‍ണവില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കായി വിവാഹ ഗോള്‍ഡ് പര്‍ച്ചേസ് സ്കീമും ആരംഭിച്ചിട്ടുണ്ട്. ലളിതമായ മാസതവണ വ്യവസ്ഥയില്‍ പണമടച്ചു സ്വര്‍ണം സ്വന്തമാക്കാനുള്ള പദ്ധതിയാണു ഗോള്‍ഡ് പര്‍ച്ചേസ് സ്കീം. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ക്കായി അഡ്വാന്‍സ് ബുക്കിംഗിനായുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം സ്വര്‍ണവില ഉയര്‍ന്നാലും ഉപഭോക്താവിനെ ബാധിക്കില്ല. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയനുസരിച്ച് ആഭരണങ്ങള്‍ നല്‍കും. കണ്ണൂര്‍ ബാങ്ക് റോഡിലെ ഷോറൂമിലും മട്ടന്നൂര്‍-തലശേരി റോഡിലെ ഷോറൂമിലും ഓഫറുകളും വിവാഹ ഗോള്‍ഡ് പര്‍ച്ചേസ് സ്കീമും ഏര്‍പ്പെടുത്തിയതായിഉടമകള്‍ അറിയിച്ചു.
ആര്‍സ്പി (ബി) ജില്ലാതല നേതാക്കള്‍ മാതൃസംഘടനയിലേക്ക്
കണ്ണൂര്‍: ആര്‍സ്പി (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളിലും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരോടു കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ചു കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ നേതാക്കളടക്കമുള്ള പഴയകാല പ്രവര്‍ത്തകര്‍ മാതൃസംഘടനായ ആര്‍എസ്പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ഇല്ലിക്കല്‍ ആഗസ്തി പത്രസമ്മേളനത്തില്‍ അറിയിച്ചു. ആര്‍സ്പി (ബി) മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.വി കൃഷ്ണന്‍, മുന്‍ പ്രസിഡന്റ് കെ.പി നിസാര്‍, യുടിയുസി (ബി) മുന്‍ ജില്ലാ സെക്രട്ടറി കെ.വി.നാരായണപ്പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണു പാര്‍ട്ടിവിട്ടു മാതൃസംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഭാവി പരിപാടികള്‍ 20ന് തീരുമാനിക്കും. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചു സംഘടനാപരിചയമില്ലാത്ത ഷിബുവിനു കച്ചവട താല്‍പ്പര്യം മാത്രമാണുള്ളതെന്നും മുന്‍ജില്ലാനേതാക്കള്‍ ആരോപിച്ചു. പിതാവിന്റെ മഹത്വംകൊണ്ടുമാത്രമാണു ഷിബു പാര്‍ട്ടി നേതൃത്വത്തിലെത്തിയത്. അദ്ദേഹം മന്ത്രിയായതുകൊണ്ടുമാത്രമാണ് പാര്‍ട്ടി നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ പാര്‍ട്ടിതന്നെ ഉണ്ടാകില്ലെന്നും ഇവര്‍ പറഞ്ഞു.
ബസ്ചാര്‍ജ് വര്‍ധന തിരുത്തണം: യൂത്ത്ഫ്രണ്ട്-എം
ചെറുപുഴ: ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്ന രീതിയില്‍ അശാസ്ത്രീയമായ ബസ്ചാര്‍ജ് വര്‍ധന തിരുത്തണമെന്നു കേരള യൂത്ത്ഫ്രണ്ട്-എം ചെറുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴു കിലോമീറ്റര്‍ യാത്രചെയ്യാന്‍ 5.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 8 രൂപയായിട്ടാണു വര്‍ധന. 50 ശതമാനത്തോളം വരുന്ന യാത്രാക്കൂലി വര്‍ധന പിന്‍വലിച്ച് ശാസ്ത്രീയമായ വര്‍ധന നടപ്പാക്കണമെന്നു കേരള യൂത്ത്ഫ്രണ്ട്-എം ചെറുപുഴ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അഡ്വ. സനു പി. ജോണ്‍ അധ്യക്ഷത വഹിച്ചു. ലിനേഷ് കെ. നായര്‍, ബിജു തെന്നടിയില്‍, ഷിജു തോമസ്, രാജേഷ് അതിര്‍ത്തിമുക്കില്‍, വിപിന്‍ വളവനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കൈതേരിയിലും പന്ന്യന്നൂരിലും യൂത്ത്കോണ്‍. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
കൂത്തുപറമ്പ് /തലശേരി: ചൊക്ളി പന്ന്യന്നൂരിലും കൈതേരിയിലും നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആറു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു.
പന്ന്യന്നൂരില്‍ അഞ്ചു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കൈതേരിയില്‍ ഒരാള്‍ക്കുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 7.30 ഓടെ പനക്കാട്ട് കൂറുമ്പ ഭഗവതിക്ഷേത്രത്തിനു സമീപംവച്ച് വെട്ടേറ്റ പന്ന്യന്നൂര്‍ താഴെകുനിയില്‍ ചമ്പകമുള്ളതില്‍ സി.കെ. വിനേഷ് (35), മുട്ടപറമ്പത്ത് വീട്ടില്‍ സനേഷ് (28), സഹോദരന്‍ സബിനേഷ് (22), ചാത്താടിയില്‍ റിനീഷ് (22), സി.പി ഹൌസില്‍ ഷിനിത്ത് (23) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി-ആര്‍എസ്എസ് സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കൈതേരിയില്‍ ഇന്നലെ രാത്രി ഏഴോടെയാണ് അക്രമം നടന്നത്. വെട്ടേറ്റ പരിക്കുകളോടെ കൈതേരി വി.പി. ഹൌസില്‍ എം. സഞ്ജയനെ (31) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കരിയില്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സഞ്ജയന്‍ മത്സരിച്ചിരുന്നു.
വീട്ടില്‍നിന്നും കടയിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞു ഡിസിസിസെക്രട്ടറി വി. രാധാകൃഷ്ണന്‍, കോടിയേരി ബ്ളോക്ക്കോണ്‍ഗ്രസ് പ്രസിഡന്റ് വി.സി. പ്രസാദ് തുടങ്ങിയനേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സൂചന പണിമുടക്ക് 12 ന്
തളിപ്പറമ്പ്: കഴിഞ്ഞ വര്‍ഷം മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ 1600 ഓളം വരുന്ന അധ്യാപകര്‍ക്കു ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് ഫെഡറേഷന്റെ (കെഎച്ച്എസ്ടിഎഫ്) നേതൃത്വത്തില്‍ 12 ന് സൂചന പണിമുടക്ക് നടത്തും. പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് ശമ്പളം നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കാത്തപക്ഷം 18 മുതല്‍ അനിശ്ചിതക്ളാസ് ബഹിഷ്കരണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മലബാറില്‍ ആരംഭിച്ച നൂറ്റമ്പതോളം ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഗസ്റ് അധ്യാപകരെ നിയമിക്കുകയായിരുന്നു. ഈ നിലപാടുമൂലം സ്കൂളുകളുടെ പ്രവര്‍ത്തനവും 40,000 ത്തോളം വിദ്യാര്‍ഥികളുടെ ഭാവിയും അവതാളത്തിലായിരിക്കുകയാണെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ചെമ്പേരി നിര്‍മല സ്കൂളില്‍ കൊമേഴ്സ് ബാച്ച്
ചെമ്പേരി: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബിസിനസ് സ്റഡീസ്, അക്കൌണ്ടന്‍സി, ഇക്കണോമിക്സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നീ വിഷയങ്ങളുള്‍പ്പെടെ കൊമേഴ്സ് ബാച്ച് അനുവദിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ 0460-2212456 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ മാത്യു ജോസഫ് അറിയിച്ചു.
കനത്ത സുരക്ഷയില്‍ പാനുണ്ടയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
തലശേരി: പിണറായി പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പാനുണ്ട വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഇന്നു നടക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പ്ളാറ്റൂണ്‍ സായുധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യതയുണ്െടന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.
പാനുണ്ട ബേസിക് യുപി സ്കൂളിലാണു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അധികൃതര്‍ കാമറയില്‍ പകര്‍ത്തും. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
19 വാര്‍ഡുകളുള്ള പിണറായി പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും ഇടതു സ്ഥാനാര്‍ഥികളായിരുന്നു ജയിച്ചിരുന്നത്. പാനുണ്ട വാര്‍ഡില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ രാംജിത്തിന് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്വതന്ത്രനായി സുമേശും ഇടതു സ്വതന്ത്രയായി വി.ആര്‍. അജിതയുമാണു മല്‍സരരംഗത്തുള്ളത്.
ഒരു കോടിയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
കണ്ണൂര്‍: ജില്ലയില്‍ ഒരുകോടി രൂപയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം അനുമതി ലഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.പി. റഷീദ് അലി ജില്ലാ കാര്‍ഷികവികസന സമിതിയോഗത്തില്‍ അറിയിച്ചു. മലയോരമേഖലയിലെ കര്‍ഷകര്‍ക്ക് കാട്ടാനശല്യം നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു.
മദ്യനിരോധന സമിതിയുടെ കളക്ടറേറ്റ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചും ക്വിറ്റ് ആല്‍ക്കഹോള്‍ എന്ന സന്ദേശമുയര്‍ത്തിയും മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ കളക്ടറേറ്റ് മാര്‍ച്ച് നടത്തും. ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടനുബന്ധിച്ചാണു പരിപാടി നടത്തുന്നത്. രാവിലെ 10 ന് മഹാത്മാമന്ദിരത്തില്‍ നിന്നുമാണു മാര്‍ച്ച് ആരംഭിക്കുക.
പഴക്കമുള്ള സ്കൂള്‍ ബസുകള്‍ മാറ്റണം
കണ്ണൂര്‍: സ്കൂള്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തു 15 വര്‍ഷം പഴക്കമുള്ള സ്കൂള്‍ ബസുകള്‍ 2011 ഡിസംബറിനകം മാറ്റണമെന്ന് ആര്‍ടിഒ അറിയിച്ചു. ഡിസംബറിനുശേഷം ഇത്തരം വാഹനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതും കൃത്യമായ രേഖകള്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങള്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും ആര്‍ടിഒ അറിയിച്ചു.
ആംവേ ഏജന്റുമാര്‍ അങ്കലാപ്പില്‍
ഇരിട്ടി: ആംവേ കമ്പനികളില്‍ പോലീസ്റെയ്ഡ് നടന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ആംവേ ഏജന്റുമാര്‍ അങ്കലാപ്പില്‍. തങ്ങള്‍ക്കെതിരെയും പോലീസ് നടപടിയുണ്ടാകുമോ എന്നാണ് ഇവരുടെ ആശങ്ക. സര്‍ക്കാര്‍ അധ്യാപകരിലും സര്‍ക്കാരുദ്യോഗസ്ഥരിലും ചിലര്‍ ലീവെടുത്തും ബന്ധുക്കളുടെ പേരിലും മറ്റുമായി ഇത്തരം മണിചെയിനില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ 2011-12 വര്‍ഷത്തെ ജനകീയാസൂത്രണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. അപേക്ഷഫോറം വാര്‍ഡ്മെമ്പര്‍മാരില്‍നിന്നും കുടുംബശ്രീ അംഗങ്ങളില്‍നിന്നും ലഭിക്കും. അപേക്ഷകര്‍ 12 ന് വൈകുന്നേരം അഞ്ചിനു മുമ്പായി പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ജോയിച്ചന്‍ പള്ളിയാലില്‍ അറിയിച്ചു.
കൌണ്‍സിലിംഗ് ഇന്ന്
ചെറുപുഴ: പുളിങ്ങോം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചെല്‍ഡ്ലൈന്‍, സ്കൂള്‍ പിടിഎ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കൌണ്‍സിലിംഗും ഏകദിനസെമിനാറും നടത്തുന്നു. ഇന്നുരാവിലെ 10.30 ന് സ്കൂളില്‍ ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഗൌരി ഉദ്ഘാടനം ചെയ്യും.ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് അധ്യക്ഷത വഹിക്കും. വിഎച്ച്എസ്ഇ അസിസ്റന്റ് ഡയറക്ടര്‍ മധുസൂദനന്‍, പയ്യന്നൂര്‍ സിഐ പി.കെ. സുധാകരന്‍, സ്കൂള്‍പ്രിന്‍സിപ്പല്‍ത്രേസ്യാമ്മ ജോസഫ്എന്നിവര്‍പ്രസംഗിക്കും.
കാറിടിച്ചു പരിക്കേറ്റു
നിടിയേങ്ങ: കാല്‍നടയാത്രക്കാരനു കാറിടിച്ചു പരിക്കേറ്റു. സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജരും സാമൂഹിക പ്രവര്‍ത്തകനുമായ എം.വി. രാഘവനാണു (65) പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോയെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് കൂട്ടുംമുഖത്തുവച്ചു പിടികൂടി ശ്രീകണ്ഠപുരം പോലീസില്‍ ഏല്‍പിച്ചു.
ക്ഷേമഫണ്ട് അനുവദിച്ചു
കണ്ണൂര്‍: കേരളത്തിലെ മരംകയറ്റ തൊഴിലാളികള്‍ക്കു ക്ഷേമഫണ്ട് അനുവദിച്ചതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലക്ക് മാത്രമായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്െടന്നു മന്ത്രിയെ നേരില്‍കണ്ട കണ്ണൂര്‍ ജില്ലാ ദേശീയ മരംകയറ്റ തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.വി. രാഘവനെ മന്ത്രി അറിയിച്ചു.
ബസ്ചാര്‍ജ് വര്‍ധന: ഡിവൈഎഫ്ഐ റോഡ് ഉപരോധിച്ചു
കണ്ണൂര്‍: ബസ് ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലയുടെ വിവിധ ഇടങ്ങളില്‍ റോഡ് ഉപരോധിച്ചു. കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ നടന്ന റോഡ് ഉപരോധ സമരം സംസ്ഥാന കമ്മിറ്റിയംഗം എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ചാര്‍ജുവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നു ഷംസീര്‍ പറഞ്ഞു. പത്തുമിനിറ്റോളമായിരുന്നു സമരം നടന്നത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. എം.കെ. ഷൈജു, എ.എന്‍. സലിം എന്നിവര്‍ പ്രസംഗിച്ചു. പിണറായിയില്‍ നടന്ന ഉപരോധം ജില്ലാ സെക്രട്ടറി എന്‍. അജിത്ത് കുമാര്‍ ഉദ്ഘാടനംചെയ്തു. കാരായി രാജീവന്‍, എം.കെ. മുരളി എന്നിവര്‍ പ്രസംഗിച്ചു.
50 പേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: ബസ്ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ചു ദേശീയപാതയില്‍ ബസുകള്‍ തടഞ്ഞു റോഡുപരോധിച്ച ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ക്കെതിരേ ടൌണ്‍ പോലീസ് കേസെടുത്തു. പൊതുജനങ്ങള്‍ക്കു മാര്‍ഗതടസം സൃഷ്ടിച്ച് റോഡ് ഉപരോധിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.
ബസ്ചാര്‍ജ് വര്‍ധന: വാക്കേറ്റം പതിവാകുന്നു
ഇരിട്ടി: പുതുക്കിയ ബസ്ചാര്‍ജ് വര്‍ധന യാത്രാക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കുന്നു. സ്റേജ് നാലിലും ആറിലും ടിക്കറ്റ് നിരക്ക് കുത്തനെയുയര്‍ന്നതാണ് ഇതിനു കാരണം. അഞ്ചര രൂപയുണ്ടായിരുന്ന നാലാം സ്റേജില്‍ ഒറ്റയടിക്ക് രണ്ടര രൂപയാണ് കൂടിയത്. സ്റേജ് ആറില്‍ എട്ടര രൂപ വര്‍ധനയോടെ 11 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ മൂന്നുതവണയും നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഈ സ്റേജുകളില്‍ ഇത്രയും വലിയവര്‍ധനയുണ്ടായിരുന്നില്ലെന്നു യാത്രക്കാര്‍ പറയുന്നു.
റീകൌണ്ടിംഗിലും കോണ്‍. വിമത സ്ഥാനാര്‍ഥി തന്നെ വിജയി
കൂത്തുപറമ്പ്: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കൂമന്‍തോട് ഒന്‍പതാംവാര്‍ഡിലെ റീകൌണ്ടിംഗിലും കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥി തന്നെ വിജയിയായി. കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥിയായി മത്സരിച്ച വി.എം. തോമസിന്റെ ഭൂരിപക്ഷം നാലു വോട്ടു തന്നെയാണെന്നും റീകൌണ്ടിംഗില്‍ കണ്െടത്തി. ഇദ്ദേഹത്തിനെതിരേ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട പി.കെ. തോമസ് ആണ് റീകൌണ്ടിംഗ് ആവശ്യപ്പെട്ട് കൂത്തുപറമ്പ് മുന്‍സിഫ് കോടതിയെ സമീപിച്ചത്.
2010 ഒക്ടോബര്‍ 23 ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നു നാലു വോട്ടിന്റെ ഭൂരിപക്ഷത്തിനു വി.എം. തോമസ് വിജയിച്ചത്. റീകൌണ്ടിംഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ. തോമസിനു നേരത്തെ ലഭിച്ച വോട്ടുകളില്‍ ഒരു വോട്ട് അസാധുവാണെന്നും മറ്റൊന്നു സാധുവാണെന്നും കണ്െടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഒരു വോട്ടും അസാധുവാണെന്നു തെളിഞ്ഞു. കൂത്തുപറമ്പ് മുന്‍സിഫ് ടി. മധുസൂദനന്റെ സാന്നിധ്യത്തില്‍ കോടതി ഹാളില്‍ നടന്ന റീകൌണ്ടിംഗില്‍ സ്ഥാനാര്‍ഥികളും അവരുടെ അഭിഭാഷകരും എത്തിയിരുന്നു.
പത്ര ഫോട്ടോഗ്രാഫറുടെ വീടിനു നേരേ ആക്രമണം
കണ്ണൂര്‍: പത്രഫോട്ടോഗ്രാഫറുടെ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കേരള കൌമുദി കണ്ണൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ചാല പന്ത്രണ്ടുകണ്ടിയിലെ വിപിന്‍ദാസിന്റെ 'ശിശിരം' എന്ന വീടിനു നേരേയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നുനോക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഈ പ്രദേശത്തെ ഒരു കട കേന്ദ്രീകരിച്ചു മദ്യവില്‍പന നടത്തുന്നതിനെതിരേ പ്രതികരിച്ച വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. വീടാക്രമിച്ചതിനു പുതിയപുരയില്‍ ലവന്‍, കുശന്‍, വായക്കാലില്‍ പ്രമോദ്, ഗോള്‍ഡന്‍ പ്രദീപന്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കെതിരേയും എടക്കാട് പോലീസില്‍ പരാതി നല്‍കി
പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: കേരളകൌമുദി കാമറാമാന്‍ ടി.പി. വിപിന്‍ദാസിന്റെ വീട് ഒരു സംഘം സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലാ പ്രസിഡന്റ് കെ.എന്‍. ബാബുവും സെക്രട്ടറി സി.കെ. കുര്യാച്ചനും അധികൃതരോട് ആവശ്യപ്പെട്ടു.
പേരട്ടയില്‍ ഹര്‍ത്താല്‍ ആചരിച്ചു
ഇരിട്ടി: പേരട്ട ടൌണില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ടുള്ള പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികളും ഹോട്ടല്‍ വ്യാപാരികളും സംയുക്തമായി ഹര്‍ത്താലും ഓട്ടോറിക്ഷാ പണിമുടക്കും നടത്തി. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതാണു പ്രകോപനപരമായതെന്നു പറയുന്നു.
ഞായറാഴ്ച നിര്‍മാണതൊഴിലാളികള്‍ക്കായി പേരട്ട ടൌണിലെ ഓട്ടോ ഡ്രൈവര്‍ ലൈജു തന്റെ ഓട്ടോയില്‍ ഭക്ഷണം എത്തിക്കാന്‍ ഏറ്റിരുന്നു. കനത്ത മഴ കാരണം ലൈജുവിന്റെ ഓട്ടോറിക്ഷ നിര്‍മാണം നടക്കുന്ന സ്ഥലത്തിനു സമീപത്തേക്ക് അടുപ്പിച്ചുവയ്ക്കാന്‍ തൊഴിലാളികള്‍ പറഞ്ഞതിനെത്തുടര്‍ന്നു ലൈജുവും തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
ലൈജുവിനെ നിര്‍മാണ തൊഴിലാളികള്‍ മര്‍ദിച്ചതിനെത്തുടര്‍ന്നു ലൈജു പുറത്തുനിന്നും കൂടുതല്‍ പേരെ സംഘടിപ്പിച്ചുകൊണ്ടുവന്നു തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചുവെന്നു പോലീസ് പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ നിര്‍മാണതൊഴിലാളികായ ഷിജോ (22), ജോണ്‍സണ്‍ (25), ഷിബു (26) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മര്‍ദിച്ചവര്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍ ലൈജു (34), ഹോട്ടല്‍ തൊഴിലാളി സ്കറിയ (60), സഫീര്‍ (32), ശ്രീനേഷ് (32) എന്നിവരെ അറസ്റുചെയ്തിട്ടുണ്ട്. പേരട്ട ടൌണില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. ബാക്കി പ്രതികള്‍ക്കായി റെയ്ഡും നടക്കുന്നുണ്ട്. ലൈജു സിഐടിയു പ്രവര്‍ത്തകനാണ്.
അതിര്‍ത്തിതര്‍ക്കം: തൊഴിലാളിക്കു വെട്ടേറ്റു
മട്ടന്നൂര്‍: സഹോദരിമാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ കൂലി പണിക്കാരനായ യുവാവിനു വെട്ടേറ്റു. മട്ടന്നൂര്‍ കോളാരിയിലെ പള്ളിപ്പറമ്പില്‍ പി.സി. റസാഖി (28) നാണു വെട്ടേറ്റത്. കോളാരിയിലെ ജമീല എന്ന സ്ത്രീ കത്തിവാള്‍ കൊണ്ടു വെട്ടിപ്പരിക്കേല്‍പിച്ചുവെന്നാണു പരാതി. ഇടതുകൈയ്ക്കു വെട്ടേറ്റ റസാഖ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജമീലയും സഹോദരിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ജമീലയുടെ സഹോദരി സ്ഥലത്തിനു അതിരിട്ട് കല്ലുകെട്ടാനായി റസാഖിനെ വിളിച്ചതായിരുന്നു. ജോലിക്കിടെ ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ സ്ഥലത്തെത്തിയ ജമീല അസഭ്യംപറഞ്ഞു വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നു റസാഖ് പറഞ്ഞു.
സീറ്റൊഴിവ്
പിലാത്തറ: പിലാത്തറ സെന്റ് ജോസഫ്സ് കോളജില്‍ എംഎസ്ഡബ്ള്യു കോഴ്സിലേയ്ക്കു പൊതുവിഭാഗത്തിലും എസ്സി/എസ്ടി വിഭാഗത്തിലും എംകോമിന് എസ്സി/എസ്ടി വിഭാഗത്തിലും ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംകോളജ് പ്രിന്‍സിപ്പലിനെ ബന്ധപ്പെടണം. ഫോണ്‍: 0497 2802600.
കണ്ണൂര്‍: തളിപ്പറമ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ളൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ്് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ളോ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ്് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളില്‍ സീറ്റുകള്‍ഒഴിവുണ്ട്. ഫോണ്‍: 0460 2206050.
കണ്ണൂര്‍: ഗവ. പോളിടെക്നിക് കോളജ് കണ്ടിന്യൂയിംഗ് എഡുക്കേഷന്‍ സെല്‍ നടത്തുന്ന ഒന്നരവര്‍ഷത്തെ (3 സെമസ്റര്‍) പോസ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സില്‍ ഒഴിവുണ്ട്. 16 നകം അപേക്ഷിക്കണം. യോഗ്യത ബിരുദം. കോഴ്സ്ഫീസ്6,000 രൂപ/സെമസ്റര്‍.ഫോണ്‍: 0497 2835600.
പൈസക്കരി: ഭഗവദ്പാദ പ്രൈവറ്റ് ഐടിഐയില്‍ എസ്സി,എസ്ടി സീറ്റുകള്‍ ഒഴിവുകളുണ്ട്. ഡ്രാഫ്സ്മാന്‍ സിവില്‍ -രണ്ട്, ഇലക്ട്രീഷ്യന്‍ -രണ്ട് എന്നിങ്ങനെയാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ 15 നു മുമ്പായി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04602239355.
കയ്റോസിന്റെ ജലനിധി പ്രോജക്ടില്‍ ഒഴിവ്
കണ്ണൂര്‍: കയ്റോസിന്റെ നേതൃത്വത്തില്‍ ഇരിക്കൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന കെആര്‍ഡബ്ള്യുഎ ജലനിധി പ്രോജക്ടിലേക്ക് ടീം ലീഡര്‍, സീനിയര്‍ എന്‍ജിനിയര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. ടീം ലീഡര്‍ തസ്തികയിലേക്ക് സാമൂഹിക ജലവിതരണ പദ്ധതി, വികസന പദ്ധതി എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ മൂന്നുവര്‍ഷത്തെ പരിചയമുള്ള എംഎസ്ഡബ്ള്യു, എംബിഎ, എംഎ സോഷ്യോളജിക്കാര്‍ക്ക് അപേക്ഷിക്കാം. ബിടെക് ബിരുദവും ജലവിതരണ പദ്ധതിയില്‍ രണ്ടുവര്‍ഷത്തെ പരിചയവുമാണ് സീനിയര്‍ എന്‍ജിനിയറുടെ യോഗ്യത. റിട്ട. ഉദ്യോഗസ്ഥരേയും പരിഗണിക്കും. അപേക്ഷകള്‍ 13 നകം കയ്റോസ് ഓഫീസില്‍ ലഭിക്കണം. ലാമശഹ:സമശൃീസിൃെ@്യമവീീ.രീ.ശി. ഫോണ്‍: 9048002828, 0497 2702494
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ്
അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ 17 മുല്‍ 31 വരെ (ഞായറാഴ്ചകളകടക്കം) ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ കാലയളവില്‍ ചെയ്യുന്ന ബൈപ്പാസ് സര്‍ജറിക്കും വാല്‍വിന്റെ ശസ്ത്രക്രിയയ്ക്കും 85,000 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. വാല്‍വിന്റെ വില ഇതില്‍ പെടില്ല. ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നവര്‍ക്കുള്ള കൊറോണറി ആന്‍ജിയോഗ്രാം സൌജന്യമായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസ് നല്‍കേണ്ടതില്ല. പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജന്‍ ഡോ. പി.ജി. ആനന്ദ്കുമാറിന്റെ നേതൃത്വത്തിലായിരിക്കും ക്യാമ്പ്.രജിസ്ട്രേഷന്‍ നാളെ തുടങ്ങും.ഫോണ്‍:0497 2856410, 8086379083.
വനിതാ ഐടിഐയില്‍ ഓട്ടോകാഡ് കോഴ്സ്
കണ്ണൂര്‍: ഗവ. വനിതാ ഐടിഐയില്‍ ഓട്ടോകാഡ് കോഴ്സ് ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ കോഴ്സ് ഫീസായ 2,800 രൂപ അടച്ച് രജിസ്റര്‍ ചെയ്യണം. ഡിപ്ളോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, സര്‍വേയര്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റന്റ് എന്നീ ട്രേഡുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0497 2835987
റേഷന്‍കാര്‍ഡ് വിതരണം 12 ന്
തളിപ്പറമ്പ്: പയ്യാവൂര്‍ പഞ്ചായത്തില്‍ റേഷന്‍കാര്‍ഡിനായി അപേക്ഷിച്ചു ഫോട്ടോ എടുത്തവര്‍ക്കുള്ള പുതിയ റേഷന്‍കാര്‍ഡ് വിതരണം 12 നു രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ മൂന്നുവരെ പയ്യാവൂര്‍ കൃഷിഭവനു സമീപം വിതരണം ചെയ്യും. പേരുള്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡുകളും പോസ്റ്റ്കാര്‍ഡുമായി ഹാജരാകണമെന്നു തളിപ്പറമ്പ് സപ്ളൈ ഓഫീസര്‍ അറിയിച്ചു.
ലോഗോ ക്ഷണിച്ചു
കണ്ണൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു. കണ്ണൂരിന്റെ പൈതൃകവും പരമ്പരാഗത തൊഴില്‍മേഖലയും എന്നിങ്ങനെയുള്ള ആശയങ്ങള്‍ തയാറാക്കുന്നതിനു സഹായകരമാകുന്ന തരത്തിലാണു ലോഗോ രൂപകല്‍പനചെയ്യേണ്ടത്. 11 നു വൈകുന്നേരം നാലിനകം ജനറല്‍ കണ്‍വീനര്‍, സംഘാടകസമിതി, കെജിഒഎഫ് 15 ാം സംസ്ഥാന സമ്മേളനം, ജനയുഗം ബില്‍ഡിംഗ്, യോഗശാലറോഡ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.ഫോണ്‍: 9447638726.
മിച്ചഭൂമി പതിച്ചു നല്‍കുന്നു
കണ്ണൂര്‍:തലശേരി താലൂക്കിലെ അയ്യന്‍കുന്ന് വില്ലേജില്‍ പ്രോസ. 784 ല്‍ പെട്ട 1.10 ഏക്കര്‍, കണ്ടംകുന്ന് വില്ലേജിലെ റി.സ. 53/2 ല്‍ പെട്ട 40 സെന്റ്,തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജില്‍ തേര്‍തലയിലെ 2.44 ഏക്കര്‍ മിച്ചഭൂമി ഭൂരഹിത കര്‍ഷകതൊഴിലാളികള്‍ക്കു പതിച്ചുനല്‍കുന്നു. വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും രേഖപ്പെടുത്തി 18 നു വൈകുന്നേരം അഞ്ചിനകം അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കണം. അപേക്ഷകളില്‍ കോര്‍ട്ട്ഫീ സ്റാമ്പ് പതിക്കേണ്ടതില്ല. ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ തലശേരി, തളിപ്പറമ്പ് താലൂക്ക്ഓഫീസ,്ബന്ധപ്പെട്ട വില്ലേജ് ഓഫീസ്എന്നിവിടങ്ങളില്‍ ലഭിക്കും.
സൈനികര്‍ വിവരം നല്‍കണം
കണ്ണൂര്‍: പിവിഎസ്എം, എവിഎസ്എം, വിഎസ്എം തുടങ്ങിയ നോണ്‍ ഗാലന്ററി അവാര്‍ഡുലഭിച്ച ജില്ലയിലെ സൈനികരും വിമുക്തസൈനികരും റിട്ട. ഓഫീസര്‍മാരും അവര്‍ക്കുലഭിച്ച അവാര്‍ഡിനെ സംബന്ധിച്ച വിവരങ്ങള്‍ 11 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അറിയിക്കണമെന്നു ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
മുഖ്യാധ്യാപകര്‍ക്കു പരിശീലനം
കണ്ണൂര്‍: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഈവര്‍ഷം പ്രമോഷന്‍വഴി നിയമിതരായ ജില്ലയിലെ എല്ലാ ഹൈസ്കൂള്‍ മുഖ്യാധ്യാപകര്‍ക്കും സിമാറ്റ് കേരളയുടെ നേതൃത്വത്തില്‍ മാനേജ്മെന്റ് പരിശീലനം നല്‍കുന്നു. ഗുണമേന്‍മയുളള വിദ്യാഭ്യാസം ഓരോകുട്ടിക്കും ലഭ്യമാക്കുക, ഫലപ്രദമായ വിദ്യാലയ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക, ചിട്ടയായ ഓഫീസ് മാനേജ്മെന്റ് എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണു പരിശീലനം.10 നു സയന്‍സ്പാര്‍ക്കില്‍ നടക്കുന്നപരിശീലനത്തില്‍ ഈവര്‍ഷം പ്രമോഷന്‍വഴി നിയമിതരായ എല്ലാമുഖ്യാധ്യാപകരുംപങ്കെടുക്കണമെന്നുകണ്ണൂര്‍ഡിഇഒ അറിയിച്ചു.
Thalassery news
4:19 AM
Atacholi Kiran