BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Friday, August 12, 2011

കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം


 കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ ഒന്നാംപ്രതി തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി ഷഫാസിന് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമേ അഞ്ച് വര്‍ഷത്തെ അധികതടവും അനുഭവിക്കണം. ഓരോ ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ക്ക് ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് അനുഭവിക്കണം. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്നലെ കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ്. വിജയകുമാറാണ് വിധി പ്രസ്താവിച്ചത്.

ഇരുവരെയും കണ്ണൂര്‍ ജയിലിലേക്ക് അയയ്ക്കാനാണ് ഉത്തരവ്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാതൃകാപരമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ യുവാക്കള്‍ രാജ്യദ്രോഹനടപടികള്‍ക്ക് തുനിയുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും തടിയന്റവിട നസീര്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും ഷഫാസും അഭ്യര്‍ഥിച്ചു.

ജയിലില്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ഇരുവരെയും അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭരണഘടനാ പുസ്തകങ്ങളും ദേശസ്നേഹികളുടെ പുസ്തകങ്ങളും വായിക്കാന്‍ നല്‍കണമെന്നും തൊഴിലിന്റെ മഹത്വം അറിയുന്നതിനായി തൊഴില്‍ പരിശീലനവും ഇരുവര്‍ക്കും നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭാര്യയും കുട്ടികളും ഉള്‍പ്പെടെ തന്റെ ബന്ധുക്കള്‍ കണ്ണൂരിലാണെന്നും അതുകൊണ്ടു കണ്ണൂരിലെ ജയിലിലേക്ക് അയയ്ക്കണമെന്നും നസീര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവര്‍ കുറ്റക്കാരെന്നു കോടതി കണ്െടത്തിയത്. ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിമിനെയും തെളിവില്ലാത്തതിനാല്‍ ഒന്‍പതാം പ്രതി ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെ വിട്ടിരുന്നു. പൂജപ്പുര ജയിലില്‍ കഴിഞ്ഞിരുന്ന ചെട്ടിപ്പടി യൂസഫ് രാവിലെ പതിനൊന്നരയോടെ ജയില്‍മോചിതനായി.

ദക്ഷിണേന്ത്യയില്‍ എന്‍ഐഎ ഏറ്റെടുക്കുന്ന ആദ്യത്തെ കേസാണിത്.ഇരു സ്ഫോടനങ്ങളും രണ്ടു കേസുകളായിട്ടാണു രജിസ്റര്‍ ചെയ്തത്. മൊത്തം ഒമ്പതു പ്രതികളാണു കേസില്‍ ആദ്യം ഉണ്ടായിരുന്നത്. കേസിലെ രണ്ടു പ്രതികളെ കണ്െടത്താനും അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. മറ്റു രണ്ടു പ്രതികള്‍ കാഷ്മീരില്‍ കൊല്ലപ്പെട്ടിരുന്നു.

കോഴിക്കോട് ഇരട്ട സ്ഫോടനം: നിഗൂഡതയുടെ അഞ്ചുവര്‍ഷം

കോഴിക്കോട്: അഞ്ചു വര്‍ഷം മുമ്പാണ് കേരളത്തെയും രാജ്യത്തെയും ഞെട്ടിച്ച ഇരട്ട സ്ഫോടനങ്ങള്‍ കോഴിക്കോട് നഗരത്തില്‍ നടന്നത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും മൊഫ്യൂസില്‍ ബസ് സ്റാന്റിലും ബോംബുവെച്ചിട്ടുണ്െടന്നും അരമണിക്കൂറിനകം ഇവ പൊട്ടുമെന്നും ബോംബുവെച്ചവര്‍ ആദ്യം വിളിച്ചു പറഞ്ഞത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു സായാഹ്ന പത്രത്തിലേക്കായിരുന്നു. ന്യൂസ് ബ്യൂറോയിലുള്ളവര്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചറിയിച്ചപ്പോഴും സംസ്ഥാനത്തെ പോലും നടുക്കിയ ഒരു സ്ഫോടനം നടക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല.

12.15നാണ് പത്രം ഓഫീസിലേക്ക് അജ്ഞാന ഫോണ്‍ സന്ദേശം വന്നിരുന്നത്. ഇവര്‍ പറഞ്ഞത് അരമണിക്കൂറിനകം ബോംബ് പൊട്ടുമെന്നായിരുന്നു. കൃത്യം 12.45ന് കോഴിക്കോടിനെ മാത്രമല്ല രാജ്യത്തെപോലും ഞെട്ടിച്ച ആദ്യ സ്ഫോടനം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും തുടര്‍ന്ന് 1.05ന് മൊഫ്യൂസില്‍ ബസ് സ്റാന്റിലും നടന്നപ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ ലക്ഷ്യമെന്തെന്നറിയാതെ പോലീസുപോലും ഏറെ നാള്‍ വിയര്‍ത്തുപോയി.

നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റാന്റുകളില്‍ നടന്ന ഈ രണ്ട് സ്ഫോടനങ്ങളും സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. 2003 ല്‍ മാറാട് കടപ്പുറത്ത് നടന്ന കലാപത്തില്‍ അസ്വസ്ഥമായാണ് സ്ഫോടനം നടത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടാം മാറാട് കലാപത്തില്‍ മുസ്്ലീങ്ങളായ പ്രതികള്‍ക്ക് ജാമ്യം കിട്ടാത്തതിലുള്ള പ്രതിഷേധമാണ് സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്ന വികാരം. 2006 മാര്‍ച്ച് മൂന്നിന് ഉച്ചക്കായിരുന്നു നാടിനെ നടുക്കിയ സ്ഫോടനങ്ങള്‍ നടന്നത്. ഉച്ചക്ക് 12.45ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും 1.05ന് മൊഫ്യൂസില്‍ ബസ് സ്റാന്റിലുമായിട്ടായിരുന്നു സ്ഫോടനങ്ങള്‍.

ആദ്യ സ്ഫോടനത്തില്‍ നസീര്‍ നേരിട്ടും രണ്ടാമത്തേതില്‍ നസീറിന്റെ നിര്‍ദ്ദേശപ്രകാരം മറ്റു പ്രതികളുമാണ് ബോംബ് സ്ഥാപിച്ചിരുന്നത്. സ്്ഫോടനം നടന്ന ഉടനെ പരിഭ്രാന്തരായി നാലുപാടും ചിതറിയോടിയ ജനങ്ങള്‍ക്കൊപ്പം പ്രതികളും ഓടി മറഞ്ഞു. തുടര്‍ന്ന് സ്ഫോടന സ്ഥലത്തു നിന്നും ലഭിച്ച തെളിവുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച് ഒട്ടേറെ കാര്യങ്ങള്‍ കണ്െടത്തി. ഇതിനിടയില്‍ സ്ഫോടനത്തിനു പിന്നിലെ ബുദ്ധി കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ടത് ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്ന് നസീര്‍ അറസ്റ്റിലായതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റി തീവ്രവാദകേസുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു.

എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ സ്ഫോടനത്തിനു പിന്നില്‍ വന്‍ബുദ്ധികേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഏഴുപേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ സംഘം കണ്െടത്തി. തടിയന്റവിട നസീറായിരുന്നു കേസിലെ ഒന്നാം പ്രതി. മുഹമ്മദ് അസര്‍, കണ്ണൂര്‍ വാഴക്കാതെരു താഴകത്ത് അബ്ദുല്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി.യൂസഫ്, ചെട്ടിപ്പിടി യൂസഫ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍. ക്രൈംബ്രാഞ്ച് കണ്െടത്തിയ നിഗമനത്തിലൂടെയായിരുന്നു എന്‍ഐഎയും നീങ്ങിയിരുന്നത്.

കൊച്ചി കളക്ടറേറ്റ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഹാലിം പിടിയിലായതോടെയാണ് കോഴിക്കോട് ഇരട്ട സ്ഫോടനകേസിന്റെ അന്വേഷണവും നിര്‍ണായകതലത്തിലേക്ക് എത്തിയത്. കണ്ണൂരിലെ വാടക വീട്ടില്‍ നിന്നും ബേംബ് നിര്‍മിച്ച് കോഴിക്കോട്ടെ ബസ്റ്റാന്റുകളില്‍ കൊണ്ടുവന്ന് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ നസീര്‍ മൊഴി നല്‍കിയിരുന്നു. ദക്ഷിണേന്ത്യയില്‍ എന്‍ഐഎ അന്വേഷിക്കുന്ന ആദ്യ കേസായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടന കേസ്.

തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിനായി 2008ലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎ രൂപീകരിക്കുന്നത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിക്കുന്ന അഞ്ചു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച ആദ്യത്തേതാണ് കോഴിക്കോട് ഇരട്ട സ്ഫോടനകേസ്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന്റെ വിചാരണ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ആരംഭിച്ചിരുന്നത്.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites