BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Thursday, August 11, 2011

കാസര്‍ഗോഡ് വെടിവയ്പിലേക്ക് നയിച്ച സംഘര്‍ഷത്തിന് പിന്നില്‍ മുസ്ലീം ലീഗിന്റെ ആസൂത്രിത നീക്കമെന്ന് മൊഴി


കേരളം : 2009 ലെ കാസര്‍ഗോഡ് വെടിവയ്പിലേക്ക് നയിച്ച സംഘര്‍ഷത്തിന് പിന്നില്‍ മുസ്ലീം ലീഗിന്റെ ആസൂത്രിത നീക്കമെന്ന് മൊഴി. സംഭവം അന്വേഷിച്ച നിസാര്‍ കമ്മീഷന് മുന്നില്‍ അന്നത്തെ കാസര്‍ഗോഡ് എസ്പിയായിരുന്ന രാംദാസ് പോത്തനും ഡിവൈഎസ്പിയായിരുന്ന രഘുനാഥും നല്‍കിയ മൊഴികളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

നിസാര്‍ കമ്മീഷനെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കഴിഞ്ഞ മാസം സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞായിരുന്നു കമ്മീഷനെ പിരിച്ചുവിട്ടത്. മലബാറിലാകെ വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായിട്ടാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് രാംദാസ് പോത്തനും രഘുനാഥും കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാസര്‍ഗോഡിന് പുറത്തുനിന്നുള്ളവരുടെയും സഹായം ഇതിനുണ്ടായിരുന്നു.

2009 നവംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. മുസ്ലീം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിന് ശേഷമായിരുന്നു സംഘര്‍ഷം. സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി യോഗത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹിന്ദു പട്ടികജാതി വിഭാഗത്തില്‍ പെട്ട നൂറോളം പേര്‍ താമസിക്കുന്ന സമീപത്തെ ഒരു കോളനിയിലെത്തി അക്രമം നടത്തി. പിന്നീട് കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ നഗരത്തില്‍ ഹിന്ദു വിഭാഗത്തില്‍പെട്ടവരുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. ഇതോടെ സ്ഥിതിയാകെ മാറുകയായിരുന്നു. അന്നു തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നുവെന്നും മൂന്ന് സംഘര്‍ഷങ്ങളും ആസൂത്രിതമായിരുന്നെന്നും മൊഴിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ലീഗ് നേതാക്കളുടെ സ്വീകരണത്തിന് മാത്രമേ അനുമതി നല്‍കിയിരുന്നുള്ളുവെന്നും റാലിക്കും പ്രകടനത്തിനും അനുമതി നല്‍കിയിരുന്നില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു. മുസ്ലീം ലീഗ് പ്രസിഡന്റായി ചുമതലയേറ്റ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാനായിരുന്നു യോഗം. അക്രമത്തെ പ്രതിരോധിക്കാന്‍ ഒരു സംഘം ഹിന്ദു യുവാക്കളും സംഘടിച്ചതായും ഇവര്‍ തിരിച്ചടിയായി അക്രമം ആരംഭിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ മൊഴിയില്‍ പറയുന്നു.

തനിക്കും തന്റെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും ജീവന് ഭീഷണിയുണ്ടാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജനക്കൂട്ടത്തെ പേടിപ്പിച്ച് പിന്തിരിപ്പിക്കാന്‍ നോക്കുകയായിരുന്നു താനെന്ന് രാംദാസ് പോത്തന്‍ മൊഴിയില്‍ വ്യക്തമാക്കുന്നു. ഇത് കൂട്ടാക്കാതെ ജനക്കൂട്ടം മുന്നോട്ടു വന്നപ്പോഴായിരുന്നു താന്‍ നിറയൊഴിച്ചതെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites