സ്വന്തം ലേഖകന്‍ Malayala Manorama
തലശേരി: റോഡുകളുടെ തകര്‍ച്ച പൂര്‍ണമായതോടെ പല പ്രദേശങ്ങളിലേക്കും സ്വകാര്യബസുകളുടെ ഓട്ടം കുറഞ്ഞു.സമയത്ത് ഓടിയെത്താനാകാത്തതും ഗതാഗത കുരുക്കും മൂലം ഇന്നലെ വൈകിട്ടു കണ്ണൂരിലേക്കും കൂത്തുപറമ്പിലേക്കും പാനൂരിലേക്കും മറ്റ് ഉള്‍നാടുകളിലേക്കുമുള്ള പല ബസുകളും ട്രിപ്പുകള്‍ മുടക്കി. ഇതുമൂലം വൈകിട്ട് യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം ബസുകള്‍ കാത്തുവലഞ്ഞു.
ദേശീയപാതയെന്നോ പിഡബ്ള്യുഡി, നഗരസഭ-പഞ്ചായത്ത് റോഡുകളെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ റോഡുകളും തകര്‍ന്ന നിലയിലാണ്. മഴയ്ക്കു തൊട്ടുമുന്‍പ് അറ്റകുറ്റപ്പണി നടത്തിയതും ടാറിങ് നടത്തിയതുമായ നിരത്തുകളൊക്കെ മൂന്നാഴ്ച പെയ്ത മഴയില്‍ ഒലിച്ചുപോയ അവസ്ഥയിലാണ്. നാളിതുവരെ ഇല്ലാത്തത്രയും രൂക്ഷമാണ് റോഡിന്റെ തകര്‍ച്ച. നിര്‍മാണത്തിലെ അപാകതയും അഴിമതിയുമാണ് ഇത്രവേഗം റോഡുകള്‍ തകരാനിടയാക്കിയതെന്നാണ് ആരോപണം.
ധര്‍മടം മീത്തലെപ്പീടിക-മേലൂര്‍ മമ്മാക്കുന്ന് റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള ബസ് ഒാട്ടംനിര്‍ത്താന്‍ ആലോചിക്കുകയാണ് സ്വകാര്യ ബസുടമകള്‍. ദേശീയപാതയില്‍ മൊയ്തുപാലം തകരാറായതിനെ തുടര്‍ന്നു ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്നത് ഇതുവഴിയാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നുതവണ മേലൂര്‍ റോഡ് അറ്റകുറ്റപ്പണി നടത്തിയ വകയില്‍ പൊതുഖജനാവില്‍നിന്ന് ചോര്‍ന്നത് 15 ലക്ഷത്തിലേറെ രൂപയാണ്. ഇന്നു റോഡിലെങ്ങും വന്‍ കുഴികളാണ്.
മുന്‍പൊക്കെ പഞ്ചായത്ത് റോഡുകളുടെ ഇരുഭാഗങ്ങളിലും മഴയ്ക്കു മുന്‍പു തൊഴിലാളികളെ കൊണ്ട് കാടുകള്‍ വെട്ടിത്തെളിച്ചു ചാലുകീറി മഴവെള്ളം ഒഴുകിപ്പോകാനുള്ള സൌകര്യം ഏര്‍പ്പെടുത്താറുണ്ടായിരുന്നു.ഇന്ന് നിലവിലുള്ള ചാലുകള്‍ പോലും കയ്യേറി റോഡരികില്‍ സ്വകാര്യവ്യക്തികള്‍ കൂറ്റന്‍ മതില്‍ ഉയര്‍ത്തുകയും വെള്ളം ഒഴുകിപ്പോകേണ്ട ഇടവഴികളെല്ലാം മണ്ണിട്ടു നികത്തി റോഡാക്കി മാറ്റുകയും ചെയ്തതിന്റെ ഫലം കൂടിയാണ് റോഡിന്റെ ഈ തകര്‍ച്ച.
ദേശീയപാതയില്‍ തലശേരി മുതല്‍ മാഹിപ്പാലം വരെയും തലശേരി കൂര്‍ഗ് റോഡ് പൂര്‍ണമായും പാനൂര്‍ ഭാഗത്തേക്കുള്ള പിഡബ്ള്യുഡി റോഡും എല്ലാം തകര്‍ച്ചയിലാണ്. ഇതേനില തുടര്‍ന്നാല്‍ ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗത സൌകര്യം തടസ്സപ്പെടാനിടയാക്കും.







0 comments:
Post a Comment